കൊച്ചി: നഗരമധ്യത്തിൽ ഹോംസ്റ്റേയുടെ മറവിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം പൊലീസ് അടച്ചുപൂട്ടി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനും പള്ളിക്കും സമീപം രണദിവെ റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് എളമക്കര പൊലീസ് മിന്നൽ പരിശോധന നടത്തിയത്.
ഇടുക്കി സ്വദേശി കിഷോറും ഭാര്യയും ചേർന്നാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇരുവരും ഒളിവിലാണ്. കളമശേരി സ്പാ കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതിയായ ശ്രീരാജിന്റെ ബിസിനസ് പങ്കാളിയാണ് കിഷോർ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അഖിൽ കൃഷ്ണ (30), ഇരിങ്ങാലക്കുട സ്വദേശി അഫ്സൽ (27), കൊല്ലം സ്വദേശി അക്ബർ ഷാ നവാസ് (24) എന്നിവരാണ് പിടിയിലായത്. സ്ഥാപനത്തിന്റെ നടത്തിപ്പിലും സ്ത്രീകളെ എത്തിക്കുന്നതിലും ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മൂന്നുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വെബ്സൈറ്റുകളിൽ ദിവസവാടകയ്ക്ക് 1,500 മുതൽ 2,500 രൂപ വരെ ഈടാക്കുന്ന ഹോംസ്റ്റേ എന്ന പേരിലാണ് സ്ഥാപനം പരസ്യം ചെയ്തിരുന്നത്. എന്നാൽ ഇവിടെ മണിക്കൂറിന് 2,500 രൂപ മുതൽ 10,000 രൂപ വരെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയിരുന്നതായാണ് കണ്ടെത്തൽ. നാല് എസി മുറികളിലായി മികച്ച സൗകര്യങ്ങളും ഒരുക്കിയിരുന്നു.
പൊലീസ് പരിശോധനയ്ക്കിടെ രണ്ട് ഉപഭോക്താക്കളെയും അഞ്ച് സ്ത്രീകളെയും സ്ഥലത്തുനിന്ന് കണ്ടെത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളിൽ രണ്ട് പേർ മലയാളികളും മറ്റുള്ളവർ പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്. ഇവരെ ഇരകളായാണ് പൊലീസ് കണക്കാക്കുന്നത്.
‘ലോക്കാൻഡോ’ എന്ന ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെയും ഫെയ്സ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുമാണ് ഉപഭോക്താക്കളെയും സ്ത്രീകളെയും എത്തിച്ചിരുന്നതെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുള്ള വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ സംശയം.
കളമശേരി സ്പാ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ടും കിഷോറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ സ്പായിലേക്ക് വിളിച്ചുവരുത്തി ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ശ്രീരാജ്. ഈ സ്പായുടെ നടത്തിപ്പിലും കിഷോറിന് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


