ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടാനുള്ള മിഷൻ ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസവും പ്രതിസന്ധിയിൽ തുടരുന്നു. ആന ജലാശയത്തിന് സമീപത്തേക്ക് നീങ്ങിയതാണ് വനംവകുപ്പിന് വെല്ലുവിളിയായിരിക്കുന്നത്.
നിലവിൽ നടുത്തുരുത്തി ഭാഗത്താണ് ആനയുള്ളത്. ജലാശയത്തിന് കൂടുതൽ അടുത്തേക്ക് ആന പോകാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ആന നിൽക്കുന്ന സ്ഥലം ദൗത്യത്തിന് അനുയോജ്യമല്ലെന്ന് സിസിഎഫ് വിനോദ് കുമാർ വ്യക്തമാക്കി.
ആന ഇപ്പോൾ ഒരിടത്ത് തന്നെ നിൽക്കുകയാണ്. പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന നീങ്ങിയാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ആന അങ്ങോട്ട് പോകാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.
നടുത്തുരുത്തിയിൽ നിന്ന് 301 കോളനി ഭാഗത്തേക്ക് ആന എത്തിയാൽ മാത്രമേ ദൗത്യം നടപ്പാക്കാൻ കഴിയൂ. ആനയെ പടക്കം പൊട്ടിച്ച് ഓടിക്കില്ലെന്നും സ്വമേധയാ നീങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും സിസിഎഫ് വ്യക്തമാക്കി.


