ആലപ്പുഴ: വളപ്പിൽ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആലപ്പുഴ എസ്.പി. സ്പെഷ്യൽ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരൻ ഭദ്രദീപം തെളിയിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തതും വിവാദമായിട്ടുണ്ട്.
കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവുമായ ചവറ മുകുന്ദപുരം സ്വദേശി നവാസ് (52) ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കെയാണ് ഹരിപ്പാട് സ്റ്റേഷൻ വളപ്പിൽ ശിവന്റെയും പാർവതിയുടെയും ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ച് ദീപാലങ്കാരം നടത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെയായിരുന്നു ആഘോഷം. 2022നുശേഷം നിർത്തിവെച്ചിരുന്ന ചടങ്ങ്, എസ്.പിയുടെ നിർദേശം മറികടന്ന് ഹരിപ്പാട് സി.ഐയുടെ നേതൃത്വത്തിൽ വീണ്ടും സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ആഘോഷത്തിനായി ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിലെ 78 പൊലീസുകാരിൽനിന്ന് 200 രൂപ വീതം പിരിച്ചെടുത്തതായും പൊതുജനങ്ങളിൽനിന്ന് പണം ശേഖരിച്ചതായും പരാതിയുണ്ട്. നേരത്തെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയതിനെ തുടർന്ന് മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയിട്ടും ആഘോഷവുമായി മുന്നോട്ടുപോവുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവം സേനയ്ക്കുള്ളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
2025 നവംബർ 14ന് നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ സഹപ്രവർത്തകയായ വനിതാ പൊലീസുകാരിയെ കടന്നുപിടിച്ച കേസിലെ പ്രതിയാണ് നവാസ്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ അതിക്രമം പതിഞ്ഞിരുന്നു. വനിതാ പൊലീസുകാരി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നീണ്ടകര പൊലീസ് കേസെടുക്കുകയും നവാസിനെതിരെ നടപടിയുണ്ടാകുകയും ചെയ്തിരുന്നു.
കേസിന്റെ കോടതി വിചാരണ ആരംഭിക്കാനിരിക്കെയാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഇയാൾ സർവീസിൽ തിരിച്ചെത്തിയതെന്നാണ് ആരോപണം. ജില്ലയിലെ പൊലീസുകാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയന്ത്രിക്കുന്നത് നവാസാണെന്ന ആക്ഷേപവും സേനയ്ക്കുള്ളിൽ ശക്തമാണ്.


