റാഞ്ചി: ജാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച സ്കോർപിയോ കാർ അപകടത്തിൽപ്പെട്ട് നാല് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റാഞ്ചി–പട്‌ന ദേശീയപാത 33ൽ രാംഗഡ് ജില്ലയിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തിൽ നിന്നുള്ള 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാജ്രപ്പയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെയാണ് അപകടം.
അപകടകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനും നാട്ടുകാർ സഹായിച്ചു. പിന്നാലെ പൊലീസും സ്ഥലത്തെത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപുതന്നെ 13 പേർ മരിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഒരു മാസത്തിനിടെ ജാർഖണ്ഡിലുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഖുന്തി ജില്ലയിൽ അമിതവേഗത്തിലെത്തിയ ട്രെയിലർ ട്രക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ഏഴുപേർ മരിച്ചിരുന്നു. അന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.


