രാമേശ്വരത്തെ പുതിയ പാമ്പൻ കടൽപ്പാലത്തിലൂടെയുള്ള ട്രെയിൻ പരീക്ഷണ ഓട്ടം വൻ വിജയം. ഏഴ് കോച്ചുകളുള്ള പരീക്ഷണ തീവണ്ടി അതിവേഗത്തിൽ കുതിച്ചുപാഞ്ഞു.ദക്ഷിണ റെയിൽവേ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന നടന്നത്. നേരത്തെ 80 കിലോമീറ്റർ വേഗതയിൽ പാലത്തിലൂടെ ട്രെയിൻ ഓടിച്ച് പരീക്ഷണം നടത്തിയിരുന്നു.
ഇന്നും അതേ വേഗതയിലാണ് പരീക്ഷണം നടന്നത്. പഴയ പാമ്പൻ പാലത്തിലൂടെ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിനുകൾക്ക് കടന്നുപോകാൻ സാധിക്കുമായിരുന്നുള്ളൂ. മണ്ഡപം- പാമ്പൻ റെയില്‍വെ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ ഓടിച്ചത്. കുഴപ്പങ്ങൾ ഒന്നും കാണാത്തതിനാൽ പാലം ഉടനെ തന്നെ തുറക്കുന്നതിന് തീരുമാനമായി. ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കും.
പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയമാണ് പാമ്പൻ പാലം. ബോട്ടുകൾക്ക് കടന്നുപോകാനായി പാലം ഉയർത്താനാകുമെന്നതാണ് പ്രത്യേകത. പുതിയ പാമ്പൻ പാലം ട്രെയിൻ സര്‍വീസിനായി തുറന്നുകൊടുക്കുന്നതോടെ പഴയ പാലം ഇനി ഓര്‍മയാകും.




