സംവിധായികയും നടിയുമായ ഐഷ സുൽത്താന ഉടൻ കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഏറെ നാളുകളായി ഐഷയുടെ പല പ്രതികരണങ്ങളും കോൺഗ്രസിന് അനുകൂലമായിട്ടായിരുന്നു. മറ്റെല്ലാവരും കോൺഗ്രസിനെ തള്ളിപ്പറയുന്ന ഘട്ടങ്ങളിൽ പോലും ഐഷ കോൺഗ്രസിന് ഒപ്പം തന്നെ ഉറച്ച് നിലകൊണ്ടിരുന്നു. തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും സംഘപരിവാർ ഉയർത്തിക്കാട്ടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊരുതുവാനുള്ള ഇടമായി ഐഷ കോൺഗ്രസിനെ കാണുകയാണ്.
ഏറ്റവും ഒടുവിലായി ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇന്ത്യ മുന്നണിയിലെ പോലും മറ്റു പാർട്ടികൾ കോൺഗ്രസിനെ വിമർശിച്ചിരുന്നു. അപ്പോഴും ആം ആദ്മിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു ഐഷ സുൽത്താന. ഡൽഹിയിൽ സംഭവിച്ചത് വിധിയല്ലെന്നും എഎപിയുടെ തന്നെ എ ടീമായ ബിജെപി തന്ന പതിനെട്ടിന്റെ പണിയാണെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടര്‍ക്ക് കുട പിടിച്ച് നില്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഒരു ദിവസം അവര്‍ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്നും ഐഷ സുല്‍ത്താന തുറന്നടിച്ചിരുന്നു. കോൺഗ്രസ് വിമുക്ത ഭാരതം സ്വപ്നം കണ്ട ബിജെപിക്കൊപ്പം ആം ആദ്മി നിലകൊണ്ടതിനെയും ഐഷ രൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും തമ്മില്‍ തല്ലിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന പ്രചാരണം ശരിയല്ലെന്നും ഐഷ കുറിക്കുന്നുണ്ട്.




