തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരങ്ങൾ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ സ്പാ സന്ദർശകരുടെ പട്ടിക തയ്യാറാക്കി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ഒരു ദിവസം തന്നെ നിരവധി പേർ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. പീഡനത്തിന് വഴങ്ങാൻ വിസമ്മതിച്ചപ്പോൾ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചെന്ന ആരോപണവും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതൃസഹോദരി നാഗലക്ഷ്മിയെയും ഇവരുടെ സുഹൃത്ത് ഗോപിയെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
സ്പാ സന്ദർശകരുടെ പട്ടിക പരിശോധിക്കുന്നു
ജൂലൈ മുതൽ സ്പായിലെത്തിയവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇവരിൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരിച്ചറിയാനാണ് നീക്കം. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നവർക്കെതിരെ പോക്സോ നിയമപ്രകാരം ഉൾപ്പെടെ നടപടിയെടുക്കുമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസേന 5,000 രൂപവരെ എത്തിയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചുവരികയാണ്.
മനുഷ്യക്കടത്ത് ശൃംഖലയുണ്ടോയെന്നും അന്വേഷണം
പെൺകുട്ടിയെ സ്പായിലെത്തിക്കുന്നതിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പങ്കുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാതൃസഹോദരിയുടെയും ഗോപിയുടെയും കോൾ ഡീറ്റെയിൽ റെക്കോർഡുകളും പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് ജോലി തേടിയാണ് പെൺകുട്ടിയെ കോവളത്തേക്ക് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. ഏകദേശം ഒരു വർഷം മുമ്പ് നാഗലക്ഷ്മിയും ഗോപിയും ചേർന്നാണ് കുട്ടിയെ ഇവിടെ എത്തിച്ചതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
പെൺകുട്ടിയെ ചൂഷണം ചെയ്തവരെ കണ്ടെത്തുന്നതിനൊപ്പം സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത് ശൃംഖലയുണ്ടോയെന്നും അതിന്റെ വ്യാപ്തി എത്രയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.


