നഗരത്തിനകത്തും പുറത്തും എല്ലാ വൈദ്യുത പോസ്റ്റിലും ചുമരിലും നാലാൾ കൂടുന്ന ഇടത്തും സ്പാ, മസാജ് സെന്ററിന്റെ പരസ്യം കാണാം. സ്ഥാപനത്തിന്റെ പേരോ വിലാസമോ ഇല്ല. ഫോൺ നമ്പർ മാത്രം. ഈ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ കൂണുപോലെ സ്പാ സെന്ററുകൾ മുക്കിലും മൂലയിലും ഉയരാൻ തുടങ്ങി. വാടക വീടുകൾ കേന്ദ്രികരിച്ചു വരെ മസാജ് സെന്ററുകൾ പ്രവർത്തിക്കാൻ തുടങ്ങി. ഇവയ്ക്ക് പേരോ ലൈസൻസോ ഇല്ല. തെറപ്പിസ്റ്റുകളായി നിർത്തിയ വനിതകളെ കണ്ട് തിരഞ്ഞെടുക്കുന്ന രീതിയാണ് പലയിടത്തും. മസാജിനപ്പുറത്തെ സർവീസും ഇവിടങ്ങളിൽ ഉണ്ട്. ശരീരത്തിനും മനസ്സിനും ആശ്വാസം നൽകേണ്ട കേന്ദ്രങ്ങൾ. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കേണ്ട ഇടങ്ങൾ. എന്നാൽ കേരളത്തിൽ ചില സ്പാകളുടെ മറവിൽ പുറത്തുവരുന്ന കുറ്റകൃത്യങ്ങളുടെ വാർത്തകൾ നമ്മുടെ സമൂഹത്തെ ഗൗരവമായി ചിന്തിപ്പിക്കുകയാണ്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വ്യാജ ജോലി വാഗ്ദാനങ്ങൾ, ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങൾ. ഇതെല്ലാം വിരൽചൂണ്ടുന്നത് നമ്മുടെ നിയന്ത്രണ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ്. കൊച്ചിയിലെ കളമശ്ശേരിയിൽ പുറത്തുവന്ന സംഭവം ഇതിന്റെ ഏറ്റവും ഞെട്ടിക്കുന്ന ഉദാഹരണങ്ങളിലൊന്നാണ്. സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ അഭിമുഖത്തിനായി വിളിച്ചുവരുത്തി. തുടർന്ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ തടഞ്ഞുവെച്ച് മദ്യവും ലഹരിവസ്തുക്കളും നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിക്രമം നടന്ന ഡിലൈറ്റ് ആയുർവേദിക് വെൽനെസ് സ്പാ 2025 മാർച്ച് 31 മുതൽ നഗരസഭാ ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ലൈസൻസ് പുതുക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന വിവരങ്ങളും ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ലൈസൻസില്ലാത്ത ഒരു സ്ഥാപനം ഇത്രകാലം പ്രവർത്തിച്ചിട്ടും അധികൃതരുടെ ശ്രദ്ധയിൽ ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കിൽ, അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നത്?
കളമശ്ശേരിയിലെ സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. തിരുവനന്തപുരത്തെ കോവളത്തും പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്പായിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള പെൺകുട്ടിയെ ചൂഷണം ചെയ്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പായ്ക്ക് സർക്കാർ ഉദ്യോഗസ്ഥനുമായി ബിനാമി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. ഈ സംഭവത്തിൽ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള സംശയങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വസ്തുതകളും സംശയങ്ങളും വേർതിരിച്ചുകാണേണ്ടതുണ്ട്. ഇതിൽ കുടുങ്ങിപ്പോകുന്ന യുവതികളിൽ പലരും ജീവനിൽ ഭയന്നും കെണിയിൽപ്പെട്ടും പരാതി നൽകാൻ തയ്യാറാകാത്തതുകൊണ്ടാണ് ഇവരുടെ നീചപ്രവൃത്തികൾ വെളിയിൽ വരാത്തത്. ലൈസൻസില്ലാത്ത സ്‌പാകൾ ഏറെയും പ്രവർത്തിക്കുന്നത് എറണാകുളത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും ഇതിനായി ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പല സ്‌പാകളും പ്രവർത്തിക്കുന്നതിന് ഏറ്റവും കൂടുതൽ സഹായം ലഭിക്കുന്നത് പൊലീസ് വിഭാഗത്തിൽനിന്നു തന്നെയാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്.2024 ഡിസംബറിൽ കടവന്ത്രയിൽ സ്‌പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയതിൽ പങ്കാളികളായതിന് 2 പൊലീസുകാർ അറസ്റ്റിലായിരുന്നു. സ്‌പായിൽ ബോഡി മസാജിംഗിന് പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് എ.ആർ ക്യാമ്പിലെ പൊലീസുകാരനിൽ നിന്നും നാലുലക്ഷം രൂപ തട്ടിയ ഗ്രേഡ് എസ്.ഐ 2005ൽ അറസ്റ്റിലായിരുന്നു.സമൂഹത്തിൽ ഉന്നതങ്ങളിലും പൊലീസിലും പിടിപാടുള്ളവരാണ് പലപ്പോഴും ഇത്തരം സ്‌പാകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. അതിനാൽ പരാതി ഉണ്ടായാൽ പോലും ശരിയായ അന്വേഷണം നടക്കാറില്ല. കോവളം സ്പാ പീഡനകേസിൽ സ്പാ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ ഇന്നലെ അറസ്റ്റിൽ ആയിരുന്നു. അറസ്റ്റിലായ അനുരൂപ് തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആണെന്നുള്ളത് ഞെട്ടിക്കുന്ന സംഭവമാണ്. ചിലരുടെ അനധികൃത പ്രവർത്തനങ്ങൾ സ്‌പാ മേഖലയെ ഒന്നാകെ ബാധിച്ചിരിക്കുന്നതായാണ് സ്‌പാ ഉടമകളുടെ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായ അന്വേഷണം നടത്തി പൂട്ടിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
ലൈസൻസില്ലാതെ സംസ്ഥാനത്ത് എത്ര സ്‌പാകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് സംബന്ധിച്ച യഥാർത്ഥ കണക്ക് ആരുടെയും പക്കലില്ല എന്നതാണ് യാഥാർത്ഥ്യം. ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വലയിലാക്കി, ലഹരി നൽകി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കെണിയിൽപ്പെടുത്തുന്നത് ഇവരുടെ സ്ഥിരം രീതിയാണ്. അന്യനാട്ടുകാരായ നിരവധി യുവതികളെയും സ്‌പാകളിൽ ജോലിക്കെത്തിക്കുന്നുണ്ട്. ഒരു പരിശീലനവും യോഗ്യതയും നേടാത്തവരാണ് ഇതിൽ ഭൂരിപക്ഷവും. ഇത്തരം അനധികൃത ഇടപാടുകൾ നിർത്താൻ പൊലീസ് പലയിടത്തും നേരത്തേ മുന്നറിയിപ്പും താക്കീതും നൽകിയിരുന്നു. എന്നാൽ, അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ തെളിയിക്കാൻ വഴിയില്ലെന്ന കാരണത്താൽ പൊലീസ് ഇടപെടലിനു പരിമിതിയുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ഒത്തുകൂടിയതാണെന്നു തെറപ്പിസ്റ്റും കസ്റ്റമറും കോടതിയെ ബോധിപ്പിച്ചാൽ പൊലീസ് കുഴയും. അതല്ലെന്നു തെളിയിക്കാൻ പലപ്പോഴും സാധിക്കാതെ വരും. സ്‌പായുടെ മറവിൽ തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടലും ഒരു കാരണവശാലും നടക്കാൻ പാടില്ല. അതിനാൽ പൊലീസും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും അതിശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.


