വളരുംതോറും പിളരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ തന്നെ ഒരാളായ കെഎം മാണി പോലും പിന്നീട് ആ പാർട്ടി വിട്ട് പുറത്തേക്ക് പോയിട്ടുണ്ട്. ഇന്ന് കേരള കോൺഗ്രസിനെ നയിക്കുന്നത് പി ജെ ജോസഫ് ആണ്. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും ജോസഫിനെ രാഷ്ട്രീയ രംഗത്തുനിന്നും പിന്നോട്ട് വലിക്കുന്നുണ്ട്. ഒരുപക്ഷേ വിശ്രമ ജീവിതത്തിലേക്ക് പതിയെ കടക്കുകയാണ് കേരള കോൺഗ്രസിന്റെ ഇന്നിന്റെ നേതാവ് പിജെ ജോസഫ്.
ഇനി ആരാകും കേരള കോൺഗ്രസിനെ നയിക്കുകയെന്ന ചോദ്യശരങ്ങളാണ് എവിടെയും ഉയരുന്നത്. അതിനുള്ള ഉത്തരമായി അദ്ദേഹത്തിന്റെ തന്നെ മകൻ അപു ജോസഫിനെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഏറെക്കുറെ അത്തരം ഒരു രാഷ്ട്രീയ നേതാവിന്റെ പക്വതയിലേക്കും പ്രവർത്തന രീതിയിലേക്കും അപു ജോസഫ് മാറിയിരിക്കുന്നുവെന്ന് വേണം പറയുവാൻ.
താൻ മക്കൾരാഷ്ട്രീയത്തിന്റെ ഉൽപന്നമല്ലെന്നും പാർട്ടി സംവിധാനങ്ങൾ ഹൈടെക് ആക്കുകയാണു ലക്ഷ്യമെന്നും അപു ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ഏറെക്കുറെ അതുതന്നെയാണ് വാസ്തവവും. നിലവിൽ അപു കേരള കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയ അപു 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്സർലൻഡിലും ജോലി ചെയ്തിട്ടുണ്ട്.






