ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ മരിച്ചു. ഭോപ്പാലിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് റിപ്പോർട്ട് പുറത്തു വന്നു.
കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് തൊഴിലാളികൾ ആദ്യം ഇറങ്ങുകയും ഇവരെ സഹായിക്കുന്നതിന് വേണ്ടി ഇവർക്ക് പുറകേ മൂന്ന് പേരും കൂടി ഇറങ്ങുകയായിരുന്നു. എന്നാൽ അതിനുള്ളിൽ ഉണ്ടായിരുന്ന വിഷവാതകം പുറത്തേക്ക് വരികയും അങ്ങനെ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർക്കും മരണം സംഭവിക്കുകയുമായിരുന്നു. കിണറിന് 150 വർഷം പഴക്കമുണ്ട്.
ജില്ലാ ഭരണകൂടം, പൊലീസ്, എസ്ഡിആർഎഫ് ടീമുകൾ എന്നിവരെത്തി രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകിയിരുന്നു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.






