പാലക്കാട്: ആലത്തൂർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസന നേട്ടങ്ങളും സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി സംഘടിപ്പിച്ച വികസന സന്ദേശയാത്രക്ക് ആലത്തൂർ ദേശീയ മൈതാനത്ത് നിന്ന് ഉജ്ജ്വല തുടക്കം കുറിച്ചു. ജാഥാ ക്യാപ്റ്റനായി ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ നേതൃത്വം നൽകി. ഉദ്ഘാടന യോഗത്തിൽ മുൻ എംഎൽഎ ചെന്താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.
വികസന സന്ദേശയാത്രയുടെ ആദ്യദിന പര്യടനം കിഴക്കഞ്ചേരി കുണ്ടുകാട്ടിൽ നിന്ന് ആരംഭിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുട്ടൻ ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് കാളത്തോട്ടം, മമ്പാട്ടിൽ, തച്ചക്കോട്ടിൽ, പുത്തൻ കുളമ്പ്, പറശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലൂടെയും ജാഥ സഞ്ചരിച്ചു. പിന്നീട് മുടപ്പല്ലൂർ പയ്യാറോട്ട്, മണലിപ്പാടം, ചിറ്റിലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേക്കും വികസന സന്ദേശയാത്ര എത്തി.
ഓരോ കേന്ദ്രങ്ങളിലും നാട്ടുകാരുടെ ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്. വികസന പ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് കൈവരിച്ച നേട്ടങ്ങളും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും നേതാക്കൾ ജനങ്ങളോട് വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യ രംഗത്തെ പുരോഗതി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളാണ് സന്ദേശയാത്രയിൽ പ്രധാനമായി മുന്നോട്ടുവച്ചത്.
ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാനും വികസന സന്ദേശയാത്ര സഹായകരമായതായി ജാഥാ നേതൃത്വം വ്യക്തമാക്കി. നിയോജകമണ്ഡലത്തിന്റെ വികസന മുന്നേറ്റങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട് പോകുന്നതിനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.




