ബെംഗളൂരു: സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച് തെറിച്ചുവീണ നാലുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിലാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാതാവ് ഷഹീബ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ സർജാപുരയിൽ, നഴ്സറിയിൽ നിന്ന് മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ചതിനെ തുടർന്ന് ഈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
മൃതദേഹം അത്തിബെലെയിലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്ന് നാട്ടിലെത്തിക്കും. കബറടക്കം പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദിൽ നടക്കും. പിതാവ് ആദിൽ ഐടി കമ്പനിയിലെ ജീവനക്കാരനാണ്.






