കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അശ്രദ്ധമൂലം ഉണ്ടായ മരണത്തിനും ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചതിനുമാണ് നിയമനടപടി. വ്യാജ രേഖ ചമച്ച കേസിൽ ഷെജീൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയോടെ ഷാർജയിൽ നിന്നും കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഷെജീലിനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. തുടർന്ന് വടകര പൊലീസ് കോയമ്പത്തൂരിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.






