തിരുവനന്തപുരം: പേരൂർക്കട പോലീസിനെതിരെ വീണ്ടും ആരോപണം. ഡേ കെയറിൽ പോയി തിരികെ വന്ന ഒരു വയസ്സുകാരിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ട സംഭവത്തിൽ പരാതി നൽകിയിട്ടും, പോലീസ് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം. പേരൂർക്കട സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ മാസം 17 നാണ് ഒരു വയസ്സുള്ള കുഞ്ഞിനെ വീടിന് സമീപത്തെ ഡേ കെയറിലാക്കിയത്. വൈകിട്ട് കുഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ ശരീരമാസകലം മുറിവേറ്റ പാടുകളായിരുന്നു. ഡേ കെയറിൽ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല.
തുടർന്ന് പോലീസിൽ പരാതി നൽകി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദുർബലമായ വകുപ്പുകൾ ചുമത്തി ആണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിന്റെ വയറിലും കൈയിലും പുറത്തും മുറിവേറ്റത്തിന്റെ പാടുകൾ ഉണ്ട്. സംഭവം പുറത്തറിയാതിരിക്കാൻ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും കുടുംബം പറഞ്ഞു.
അതേസമയം കുഞ്ഞിന്റെ ശരീരത്തിൽ നേരത്തെ പാടുകൾ ഉണ്ടായിരുന്നു എന്നാണ് ഡേ കെയറിന്റെ വിശദീകരണം. ഡേ കെയറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും വനിതാ ശിശു വികസന വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.






