കൽപ്പറ്റ: വയനാട് ലക്കിടിയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്‍റെ കാറാണ് കത്തിയമർന്നത്. അത്ഭുതകരമായാണ് മൻസൂർ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. മൈസൂരിൽ നിന്നും വരികയായിരുന്ന മൻസൂർ ചായ കുടിക്കാനായി വാഹനം നിർത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.
ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. തൊട്ടുപിന്നാലെയാണ് കാർ കത്തിയമർന്നത്. വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.




