കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ ഒരു നടി നൽകിയ പരാതിയിൽ കുറ്റം സ്ഥിരീകരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക സാക്ഷ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിൽ തെളിവുകളും കേസിന് അനുകൂലമായി കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടാതെ, വിവിധ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭ്യമായിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിലും നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടൻ മുകേഷിനെതിരായ കുറ്റാരോപണം. ഇതിന് പുറമേ, ലൈംഗികാതിക്രമ വകുപ്പ് ചേർത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് നടപടികൾക്കിടയിൽ മുകേഷ് മുൻകൂർ ജാമ്യം നേടിയിരുന്നു.






