എരുമേലി:പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. എരുമേലി എലിവാലിക്കര മണ്ണാലയിൽ താമസിക്കുന്ന സുജിത്തിനെയാണ് (36) ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകുന്നേരത്തോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു സുജിത്.
കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയത്തിൽപ്പെട്ട സുജിത്തിനായി സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടൻതന്നെ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം സ്ഥലത്തെത്തി വിപുലമായ തിരച്ചിൽ ആരംഭിച്ചു. എന്നാൽ വെളിച്ചക്കുറവ് മൂലം രാത്രിയോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. നാളെ രാവിലെ മുതൽ കൂടുതൽ സന്നാഹങ്ങളുമായി തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.




