രാജസ്ഥാൻ: ആൽവാർ ജില്ലയിൽ നിന്നൊരു വിചിത്ര സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണയായി കുട്ടികളുടെ തല പാത്രങ്ങളിൽ കുടുങ്ങുന്ന സംഭവങ്ങൾ കേൾക്കാറുണ്ടെങ്കിലും, ഇവിടെ മധ്യവയസ് പിന്നിട്ട ഒരാളുടെ തല 15 ലിറ്റർ ശേഷിയുള്ള പാൽ പാത്രത്തിൽ കുടുങ്ങിയതാണ് ശ്രദ്ധ നേടുന്നത്. ഇത് ഒരു അപകടമല്ല, മറിച്ച് ഒരു റീൽ ചിത്രീകരണത്തിനിടെയുണ്ടായ അബദ്ധമാണ്.
അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മധോഗാഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗോതമ്പ് വിൽക്കാൻ പോകുന്ന വഴിയിലായിരുന്നു കലുറാം എന്ന വ്യക്തി റീൽ ചിത്രീകരിച്ചത്. ചൂട് സഹിക്കാനാകാതെ വന്നപ്പോൾ തലയിൽ 15 ലിറ്ററിന്റെ പാൽ പാത്രം വച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആദ്യം യാതൊരു ബുദ്ധിമുട്ടും തോന്നിയില്ലെങ്കിലും, പിന്നീട് പാത്രം തലയിൽ കുടുങ്ങി. പല ശ്രമങ്ങളും നടത്തിയിട്ടും അത് നീക്കാനായില്ല.
സംഭവം അറിഞ്ഞ നാട്ടുകാർ ഒത്തുകൂടി, ഒടുവിൽ കലുറാമിനെ ബൈക്കിന്റെ പിൻസീറ്റിൽ ഇരുത്തി സമീപത്തെ ഹാർഡ്‌വെയർ കടയിലെത്തിച്ചു. അവിടെ കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ച് നീക്കുകയായിരുന്നു. ഏകദേശം 10 കിലോ ഭാരമുള്ള പാത്രമാണ് തലയിൽ കുടുങ്ങിയതെന്ന് ഗ്രാമത്തലവൻ പ്രേമാറാം അറിയിച്ചു.
തലയിൽ കുടുങ്ങിയ പാൽ പാത്രവുമായി ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും, പിന്നീട് അത് മുറിച്ച് നീക്കുന്ന രംഗങ്ങളും ഉൾപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.




