തിരുവനന്തപുരം: അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോറിക്ഷ തിരികെ നൽകാതെ ഉടമയെ വഞ്ചിക്കുകയും വാഹനത്തിൽ കൃത്രിമം നടത്തുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. മരുതൻകുഴി സ്വദേശി ആനന്ദ് (39), മാമ്പഴകുന്ന് സ്വദേശി രാജേഷ് കുമാർ (31), വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരൻ റീ-ടെസ്റ്റിന് മുമ്പുള്ള അറ്റകുറ്റപ്പണിക്കായി ഓട്ടോറിക്ഷ ആനന്ദിന്റെ വർക്ക്‌ഷോപ്പിൽ നൽകിയിരുന്നു. എന്നാൽ വാഹനം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ഓട്ടോറിക്ഷയുടെ എഞ്ചിൻ അഴിച്ചെടുത്ത് മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ചതായും കണ്ടെത്തി.
രാജേഷ് കുമാറിന്റെ സഹായത്തോടെ എഞ്ചിൻ മാറ്റി സ്ഥാപിക്കുകയും, ചേസിസ് നമ്പറിൽ കൃത്രിമം നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഈ എഞ്ചിൻ മുഹമ്മദ് സൽമാന്റെ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച് ഉപയോഗിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




