പാലക്കാട്: പാലക്കയം കരിമലയിൽ തേൻ എടുക്കാൻ പോയി വെള്ളച്ചാട്ടത്തിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരിവാര ഉന്നതിയിലെ മണികണ്ഠൻ ആണ് മരിച്ചത്. രണ്ടുദിവസം മുൻപായിരുന്നു മണികണ്ഠനും എട്ട് സുഹൃത്തുക്കളും ചേർന്ന് വനത്തിനകത്ത് തേൻ എടുക്കാൻ പോയത്.
വനത്തിനു സമീപം വെള്ളച്ചാട്ടത്തിനു താഴെ പറയിടുക്കിൽ താമസിച്ചു തേനെടുക്കാനുള്ള ശ്രമത്തിലായിരുന്നു. രാത്രിയോടെ മണികണ്ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് കൂടെ ഉണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
തുടർന്ന് മണ്ണാർക്കാട് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തുകയും പിന്നീട് പാലക്കാട്ടു നിന്നെത്തിയ സ്‌കൂബാ സംഘത്തിന്റെ തിരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മണികണ്ഠന്റെ ചെരിപ്പ് വെള്ളത്തിൽ നിന്നു ലഭിച്ചു. ടോർച്ച് സമീപത്തെ വെള്ളക്കുഴിയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.






