ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടികയിലെ പ്രത്യേക പരിശോധനയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തോട് വിയോജിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാൻ കഴിയുമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നാൽ ഇത് മൂന്നും ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്. ആധാര്‍ കാര്‍ഡ് വെറുമൊരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
ബിഹാറില്‍ മാത്രമല്ല രാജ്യത്ത് തന്നെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ധാരാളമുണ്ടെന്നും അതിനാല്‍ റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടിക പരിശോധനയില്‍ അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ മാത്രം ആശ്രയിച്ചാല്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യക ദൗത്യം തന്നെ നിഷ്ഫലമായി പോകുമെന്നും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചു.






