കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) അറസ്റ്റില്‍. കൊച്ചി നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്.
നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു .40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഉഷ.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുൻപും സോഷ്യൽ മീഡിയയിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.



