തിരുവനന്തപുരം: സംസ്ഥാനത്ത് എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന പ്രതിഷേധത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് എബിവിപി പ്രസ്താവനയിൽ പറഞ്ഞു. അതിനുദ്ദാഹരണമാണ് തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ആനുകൂല്യങ്ങൾ ലഭിക്കാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പി എം ശ്രീയിൽ ഒപ്പുവെയ്ക്കും വരെ എബിവിപി സമരം തുടരുമെന്നും എബിവിപി അവരുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചു.






