ന്യൂഡൽഹി: വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ്. ഇത്തരം ഉൽപ്പന്നങ്ങളുടെ പരസ്യപ്രചാരണത്തിൽ ഏർപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കെ. മുരളീധരൻ കത്ത് നൽകി.
സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വൻതുക പ്രതിഫലം നൽകിയാണ് ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രചാരണം നടത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തുടർച്ചയായി ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതി ഉയർന്നതോടെയാണ് ഓപ്പറേഷൻ സൗന്ദര്യ വീണ്ടും സജീവമായത്.
ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ മെർക്കുറി ഉൾപ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
അംഗീകൃത ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാവൂ എന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
ഫെയർനെസ് ക്രീമിലെ അമിതമായ മെർക്കുറിയുടെ സാന്നിധ്യം മൂലം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗമാണ് പതിനേഴുകാരിക്ക് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് രോഗാവസ്ഥ കണ്ടെത്തിയത്. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.


