ന്യൂഡൽഹി: ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.
ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവെടുപ്പ് എങ്ങനെയാണ് നടത്തേണ്ടതെന്നും കോടതി ചോദിച്ചു.
പൊലീസ് ആവശ്യമായ ഉറപ്പുകൾ നൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹർജിയെ സംസ്ഥാന സർക്കാരും ശക്തമായി എതിർത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കുവേണ്ടി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കമ്മത്തും സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫും കോടതിയിൽ ഹാജരായി.


