ചെന്നൈ: അശ്ലീല സന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരേ കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നൽകിയതായി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ രേഖാമൂലം പരാതി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ വിജയ് സർക്കാരും രാഷ്ട്രീയ സമ്മർദത്തിലായിരിക്കുകയാണ്.
കളക്ടറുടെ വസതിയിലെത്തി മോശം ഉദ്ദേശ്യത്തോടെ പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് എംഎൽഎയ്ക്കെതിരായ ആരോപണം. ഡിഎംകെ നേതാവ് കനിമൊഴിയാണ് വിഷയം ആദ്യം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. എന്നാൽ, എംഎൽഎയും ടിവികെ നേതാക്കളും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
അതിനിടെ, എംഎൽഎയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ആർ. ത്രിശൂലി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. പരാതി ലഭിച്ചിട്ടില്ലെങ്കിൽ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കളക്ടറോട് പരാതി നൽകിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് അറിയിക്കാനും പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകിയിരുന്നു.
ഇതിനിടെ, എംഎൽഎയ്ക്കെതിരേ കേസെടുക്കണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംപിയുമായ മാണിക്കം ടാഗോർ ആവശ്യപ്പെട്ടു. നേരത്തെ എംഎൽഎയെ പിന്തുണച്ചിരുന്ന അദ്ദേഹം നിലപാട് മാറ്റിയത് രാഷ്ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്.
വിഷയത്തിൽ വിജയ് സർക്കാരിനെതിരെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും രംഗത്തെത്തി. സർക്കാർ കോടതിയിൽ തെറ്റായ വിവരം നൽകിയെന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രി വിജയ് കളക്ടറെ വിളിച്ച് വിവരം അന്വേഷിക്കേണ്ടിയിരുന്നുവെന്നും കളക്ടർക്ക് പോലും സുരക്ഷയില്ലാത്ത സാഹചര്യമാണെങ്കിൽ സാധാരണക്കാരുടെ സുരക്ഷ എന്താകുമെന്നും സ്റ്റാലിൻ ചോദിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കളക്ടർ പരാതി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പരാതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും തുടർനടപടികളും ഇനി നിർണായകമാകും.


