ഗുജറാത്ത്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നു വീണതു ജനവാസ മേഖലയിലേക്ക്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്തേക്കാണു വിമാനം തകർന്നു വീണത്. ഇവിടെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. ഹോസ്റ്റലിൽ ഡോക്ടർമാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. 625 അടി ഉയരത്തിൽ നിന്നാണ് വിമാനം തകർന്നു വീണത്.
എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ആണ് പുറപ്പെട്ടത്. പറന്നുയർന്നു 5 മിനിറ്റിനുള്ളിൽ വിമാനം ഒരു തീഗോളമായി മാറി താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടൻ വരെ യാത്രയുള്ളതിനാൽ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. ഒരു തീഗോളമായാണ് വിമാനം താഴേക്ക് പതിച്ചത്. 270 യൂണിറ്റ് അഗ്നി രക്ഷ സേനയെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പറന്നുയർന്നു തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ കോൾ അയച്ചിരുന്നു. അതിനു പിന്നാലെ എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണു വിവരം. നവജാത ശിക്കുകളടക്കം 12 കുട്ടികൾ വിമാനത്തിലുണ്ടായിരുന്നു.




