ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഒന്നാം പ്രതി തസ്ലീമ സുൽത്താന ഉൾപ്പടെ മൂന്നു പേരാണ് പ്രതികൾ. 54 സാക്ഷികളുള്ള കുറ്റപത്രത്തിൽ നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി ഉൾപ്പടെ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി. അതേസമയം ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി.
ഏപ്രിൽ രണ്ടിനായിരുന്നു ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുൽത്താന എക്സൈസിന്റെ പിടിയിലാകുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തതായി എക്‌സൈസ് കണ്ടെത്തി. സിനിമാ മേഖലയും നടന്മാരുമായി ബന്ധമുണ്ടെന്ന യുവതിയുടെ മൊഴിയെ തുടർന്നാണ് ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പോലീസ് ചോദ്യം ചെയ്തത്.
എന്നാൽ തസ്ലീമയിൽ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്. ആരാധിക ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. അതിനപ്പുറത്തേക്ക് ഒരു ബന്ധവുമില്ലെന്ന് നടൻ വ്യക്തമാക്കിയിരുന്നു. കേസ് നടക്കുന്നതിനിടെയായിരുന്നു തസ്ലീമയുടെ ഭർത്താവ് സുല്‍ത്താനെയും എക്സൈസ് സംഘം പിടികൂടി. തസ്ലീമയുടെ രണ്ട് മക്കളും കേസിൽ സാക്ഷികളാണ്.






