കൊല്ലം: കരുനാഗപ്പള്ളി ദേശീയപാതയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് ആലുവ അതുൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. കേസിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ മുണ്ടക്കയം സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
തഴവ കടത്തൂർ സ്വദേശി നൗഫൽ , ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരുള്‍പ്പെടെ എട്ട് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മറ്റ് ചില പ്രതികളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയിൽ പങ്കാളികളായവരുമാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു. കോട്ടയം പൊലീസാണ് ചില പ്രതികളെ ആദ്യം പിടികൂടി കൊല്ലം പൊലീസിന് കൈമാറിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ആക്രമണം നടന്ന സ്ഥലത്തോട് ചേർന്നുള്ള പെട്രോൾ പമ്പിലെ സിസിടിവി ക്യാമറകളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായിക്കുന്ന പ്രധാന തെളിവുകളാണ് ഈ ദൃശ്യങ്ങളെന്ന് പൊലീസ് അറിയിച്ചു.






