പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചക്ക വീണ് രോഗിക്ക് പരിക്ക്. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള പ്ലാവിൽ നിന്നാണ് ചക്ക അടർന്നു വീണത്.
ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിൽസ നൽകിയതായി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ഷാനി എം. എം അറിയിച്ചു.
ആശുപത്രി കോമ്പൗണ്ടിലെ അപകടകരമായ മരങ്ങൾ വെട്ടാനുള്ള അപേക്ഷ കഴിഞ്ഞ വർഷം മുതൽ സോഷ്യൽ ഫോറസ്ട്രിക്ക് നൽകിയിട്ടുണ്ടെന്നും, പ്ലാവിൽ ചക്ക ഉണ്ടാകുന്നത് ഈ സമയത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗാധരൻ നായർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.






