പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ 12 വയസ്സുകാരി മരിച്ചു. പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന ആസിഫ്, സുമയ്യ, മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.
ലക്കിടി പെട്രോൾ പമ്പിന് സമീപം രാവിലെ 9.45ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് വീണു. തുടർന്ന് സ്കൂട്ടറുമായി ബസ് ഏറെ ദൂരം മുന്നോട്ടുപോയതായാണ് റിപ്പോർട്ട്. അപകടത്തിൽ ഫിയ ഫാത്തിമ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ നാലുപേരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.


