തിരുവനന്തപുരം : കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂൾവാൻ റോഡരികിലെ ചെറുകൈത്തോട്ടിൽ മുൻചക്രങ്ങൾ കുടുങ്ങി തെങ്ങിൽ ഇടിച്ചുനിന്നു. ബസിനുള്ളിലുണ്ടായിരുന്ന ആറു കുട്ടികളിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു.
മുല്ലൂരിലെ റോസ് മിസ്റ്റിക്ക റെസിഡെൻഷ്യൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ വിഴിഞ്ഞം നെല്ലിക്കുന്ന് കടയ്ക്കുളം അങ്കണവാടിക്ക് സമീപമായിരുന്നു അപകടം.
തെങ്ങിലിടിച്ചതിനെത്തുടർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ചക്രങ്ങൾ കുടുങ്ങിനിന്നതിനാൽ വാൻ മറിഞ്ഞില്ല. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കുട്ടികളെ പുറത്തെടുത്ത് മുക്കോലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിസ്സാര പരിക്കുകളായതിനാൽ കുട്ടികളെ വീടുകളിലേക്ക് വിട്ടുവെന്നും പോലീസ് അറിയിച്ചു.






