ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി സൗഹൃദത്തിലായ യുവാവ് അവരുടെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ വിശ്വാസം നേടി എടുത്തു വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി സൂക്ഷിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു. 10 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോളാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നു യുവതി തിരിച്ചറിഞ്ഞത്.
യുവതിയുടെ പരാതിയിൽപോലീസ് കേസെടുത്തു ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ലാപ് ടോപ്, കാമറ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




