തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിഷേധ തിരയിളക്കി ആശ പ്രവര്‍ത്തകര്‍. വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. പരിശീലന പരിപാടിയുള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് ഇന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പതിവിലും അധികം സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ ഓരോ കവാടത്തിലും പൊലീസ് ഒരുക്കിയിരിക്കുന്നത്.
ആശമാര്‍ക്കായി പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരില്‍ അടിയന്തിര പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ബഹിഷ്‌കരിച്ചുകൊണ്ടാണ് വിവിധ ജില്ലകളില്‍നിന്ന് ആശാവര്‍ക്കര്‍മാര്‍ തലസ്ഥാനത്തെത്തിയത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടുവരെയാണ് സമരം.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ജീവല്‍ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത്. സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശ വര്‍ക്കര്‍മാര്‍ നീങ്ങിയത്. ഫെബ്രുവരി പത്ത് മുതലാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചത്.






