ചന്നൈ : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ലഹരിയിലായ പൊലീസ് ഉദ്യോഗസ്ഥന്റെ അപകടകരമായ പ്രവൃത്തിയിൽ യുവാവ് അപകടത്തിലായി. സിറ്റി ട്രാഫിക് വിംഗ് എഎസ്ഐ ഗാന്ധി രാജൻ, അശോക് കുമാർ എന്ന യുവാവിനെ സ്വന്തം കാറിന്റെ ബോണറ്റിനോട് ചേർത്തുനിർത്തി ഏകദേശം 200 മീറ്റർ വരെ വാഹനം ഓടിച്ചതാണ് സംഭവം.
ബുധനാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. കല്ലണൈ സ്ട്രീറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഗാന്ധി രാജന്റെ കാർ ഇടിച്ചതോടെ യാത്രികൻ അശോക് വീണു. തുടർന്ന് ഉണ്ടായ വാക്കേറ്റത്തിൽ യുവാവ്, ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞു. പ്രതിഷേധിച്ച അശോകിനെ രാജൻ വാഹനത്തിനുമുന്നിൽ തടയാനെത്തിയപ്പോൾ, ഇയാളെ ബോണറ്റിലേക്ക് അടിച്ചുകയറ്റി കാർ മുന്നോട്ടെടുത്തു.
അശോകിന്റെ നിലവിളികൾ അവഗണിച്ച് വാഹനം ഇരുന്നൂറ് മീറ്റർ വരെ ഓടിച്ചതിന് ശേഷമാണ് നിർത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനം ഉയർന്നു.വിവാദത്തിന് പിന്നാലെ എഎസ്ഐ ഗാന്ധി രാജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ യുവാവ് പരാതി നൽകിയിട്ടില്ലെന്ന് തിരുനെൽവേലി എസ്പി വ്യക്തമാക്കി .






