കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമത്തിന് നേരിട്ട് നേതൃത്വം നൽകിയത് മന്ത്രി വാസവനാണെന്നും, കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, കെ.ജി. ഹരിദാസ്, ജോബിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, മണ്ഡലം പ്രസിഡന്റുമാരായ ജോയി പവനായിക്കുന്നേൽ, ജൂബി ഐക്കൽകുഴി, ജോൺസൺ സി. ജോസഫ്, സുമേഷ് കാഞ്ഞിരം, ആന്റണി ഒളശ്ശ, സി.കെ. സാബു, സിനി ജോൺ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.




