കൊച്ചി: ആക്ഷൻ ഹീറോ എന്ന ലേബലിൽ നിന്നും മാറി, ഈ ഈസ്റ്റർ ദിനത്തിൽ തന്റെ സംഗീത മാധുര്യം കൊണ്ട് ആരാധകരുടെ മനം കവരുകയാണ് പ്രിയതാരം ബാബു ആന്റണി. യേശുദാസ് പാടി അനശ്വരമാക്കിയ ‘ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ’ എന്ന പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ചാണ് താരം ആരാധകർക്ക് ഈസ്റ്റർ ആശംസകൾ നേർന്നത്.
ഫാദർ ആബേൽ വരികൾ രചിച്ച് റാഫി ജോസ് സംഗീതം നൽകിയ ഈ ഗാനം ബാബു ആന്റണി ഏറെ ഹൃദ്യമായി ആലപിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്. താരത്തിന്റെ ആലാപന മികവിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. മുൻപും പാട്ടുകൾ പാടി കയ്യടി നേടിയിട്ടുള്ള താരം, തന്റെ ആക്ഷൻ പരിവേഷത്തിനപ്പുറമുള്ള കലാപരമായ കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ആക്ഷൻ പര്യായമായിരുന്ന ബാബു ആന്റണി, നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ ഇപ്പോൾ വീണ്ടും സജീവമാണ്. ഫഹദ് ഫാസിൽ നായകനായ ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി താരം പങ്കുവെച്ച ഈ സംഗീത വിരുന്ന് ആരാധകർ ആഘോഷമാക്കുകയാണ്.




