മാച്ചർല: ആന്ധ്രാപ്രദേശിലെ മാച്ചർലയിൽ പ്രണയിച്ചയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് 22കാരിയായ ചൗഡേശ്വരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
മാർച്ച് 4-നാണ് ചൗഡേശ്വരി വീട്ടുകാരുടെ സമ്മതമില്ലാതെ കാമുകനെ വിവാഹം കഴിച്ചത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തി. എന്നാൽ മാച്ചർല ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ യുവതിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
വീട്ടിലെത്തിയതിന് മൂന്ന് ദിവസത്തിനുശേഷമാണ് ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇതേ കാര്യം സ്ഥിരീകരിച്ചു.
കേസിൽ പ്രതികളെ സഹായിക്കുകയും കൊലപാതക വിവരം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തതിന് ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. യുവതിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി കുടുംബത്തിന്റെ ബാങ്ക് രേഖകൾ പരിശോധിച്ചു വരികയാണ്.
ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞാൽ ഉദ്യോഗസ്ഥനെതിരെ കടുത്ത ക്രിമിനൽ നടപടി ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.




