തിരുവനന്തപുരം: കേരളത്തിൽ എല്ലായിടത്തും അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റുകൾ നേടി അധികാരം പിടിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ ജനവികാരം ശക്തമായതിനാൽ നിലവിലെ മന്ത്രിസഭയിലെ ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എട്ട് സീറ്റുവരെയും കൊല്ലത്ത് ഏഴോ എട്ടോ സീറ്റുകളും യുഡിഎഫ് വിജയിക്കും. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള മണ്ഡലങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ തന്നെ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്നും, ആലപ്പുഴയിലെ കണക്കുകൾ ഇപ്പോൾ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം അതിശക്തമാണ്. എൽഡിഎഫ് പലയിടങ്ങളിലും അവിശുദ്ധമായ രാഷ്ട്രീയ ഡീലുകൾ ഉണ്ടാക്കിയത് കൊണ്ടാണ് ആ വിഷയം ചർച്ച ചെയ്യേണ്ടി വരുന്നത്. പല മണ്ഡലങ്ങളിലും ഇത്തരം ഡീലുകൾ പ്രകടമാണ്. വരാനിരിക്കുന്ന ഭരണം യുഡിഎഫിനാണെന്ന് സർവേകൾ നോക്കിയാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് അവരുടെ രാഷ്ട്രീയ നിലപാടാണെന്നും, എസ്ഡിപിഐ ഇടത് പക്ഷത്തോടൊപ്പമാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.




