ബെംഗളൂരു: കൂട്ടബലാത്സംഗ കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികളുടെ ജാമ്യം റദ്ദാക്കി. ജാമ്യം ലഭിച്ചതോടെ ആഹ്ലാദ പ്രകടനവുമായി റോഡിൽ ഇറങ്ങിയതോടെയാണ് ഏഴ് പ്രതികളില്‍ നാല് പേരുടെ ജാമ്യം റദ്ദ് ചെയ്തത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടക ഹവേരി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
യുവതിയെ തട്ടികൊണ്ടുപോയി വനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളാണ് ജാമ്യത്തിൽ ഇറങ്ങിയത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.17 മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് പ്രതികളെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടത്. ഒന്നരവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതികള്‍ ദമ്പതികളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് 26കാരിയായ യുവതിയെ ബലമായി വലിച്ചിഴച്ച് വനത്തിനുള്ളില്‍ കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 19 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതില്‍ 12 പ്രതികളെ പത്ത് മാസം മുന്‍പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശേഷിക്കുന്ന ഏഴ് പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നാല് പേരെയാണ് ജാമ്യം റദ്ദാക്കി പോലീസ് കസ്റ്റഡിയിലെടുത്തത്.






