തെലുങ്ക് സിനിമയിലെ ‘ലയൺ’ നന്ദമൂരി ബാലകൃഷ്ണയുടെ സ്ക്രീനിലെ മാസ് പ്രകടനങ്ങൾ കണ്ട് നമ്മൾ അമ്പരക്കാറുണ്ട്. എന്നാൽ സിനിമയെ വെല്ലുന്ന ബാലയ്യയുടെ ഓഫ് സ്ക്രീൻ ‘മാസ്’ പ്രകടനത്തെക്കുറിച്ച് നടൻ നന്ദു പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായിൽ സംവിധായകൻ പ്രിയദർശനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കവേ ഉണ്ടായ രസകരമായ സംഭവമാണ് നന്ദു വെളിപ്പെടുത്തിയത്.
പരിപാടിക്ക് എത്തിയ ബാലയ്യ നേരെ ബാറിലേക്ക് ചെന്ന് തന്റെ പ്രിയപ്പെട്ട ബ്രാൻഡായ ‘സീസർ ബ്രാണ്ടി’ ആവശ്യപ്പെട്ടു. എന്നാൽ അവിടെ അത് ലഭ്യമായിരുന്നില്ല. ഒടുവിൽ ഒരു നിർമ്മാതാവ് ഇടപെട്ട് പ്രത്യേകമായി നാല് കുപ്പി ബ്രാണ്ടി എത്തിച്ചു. പിന്നീട് ബാലയ്യ വീണ്ടും മദ്യം ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ആൾ സ്റ്റോക്ക് തീർന്നു എന്ന് പറഞ്ഞത് താരത്തെ ചൊടിപ്പിച്ചു. ബാലയ്യ ദേഷ്യപ്പെട്ട് എല്ലാവരെയും ചീത്ത വിളിക്കാൻ തുടങ്ങിയതോടെ, ഒരാൾ ഓടിയെത്തി മാറ്റി വെച്ചിരുന്ന ഒരു ഫുൾ കുപ്പി അദ്ദേഹത്തിന് നൽകി.
ആദ്യം ചോദിച്ചപ്പോൾ കിട്ടാത്ത ദേഷ്യത്തിലായിരുന്ന ബാലയ്യ, കിട്ടിയ കുപ്പി പൊട്ടിച്ച് ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ 750 മില്ലി മദ്യവും ഒറ്റ വലിക്ക് അകത്താക്കിയെന്നാണ് നന്ദു പറയുന്നത്. ഇത് കണ്ട് പ്രിയദർശനും നന്ദുവും അടക്കമുള്ളവർ അന്തംവിട്ടു നിന്നു. കുടിച്ചു കഴിഞ്ഞ് അല്പദൂരം മാസ്സായി നടന്ന താരം, അധികം വൈകാതെ തന്നെ ‘ആലില വീഴുന്ന പോലെ’ കുഴഞ്ഞു വീണു. തുടർന്ന് നന്ദുവും പ്രിയദർശന്റെ അസിസ്റ്റന്റ്സും ചേർന്നാണ് അദ്ദേഹത്തെ റൂമിലെത്തിച്ചത്.
തലേദിവസം ബോധമില്ലാതെ വീണ താരത്തിന് പിറ്റേന്ന് രാവിലെ പ്രിയദർശനും നന്ദുവിനുമൊപ്പം മടങ്ങാനായി ഫ്ലൈറ്റ് ഉണ്ടായിരുന്നു. പുലർച്ചെ അദ്ദേഹത്തെ വിളിക്കാൻ റൂമിൽ ചെന്ന നന്ദു ശരിക്കും ഞെട്ടിപ്പോയി. തലേന്ന് അബോധാവസ്ഥയിലായിരുന്ന ബാലയ്യ പുലർച്ചെ എഴുന്നേറ്റ് ജുഹൂ ബീച്ചിൽ വ്യായാമം കഴിഞ്ഞ് ഫ്രഷ് ആയി വരുന്നു.
ഇത് കണ്ടപ്പോൾ, സിനിമയിൽ അദ്ദേഹം കൈ ചൂണ്ടിയാൽ ട്രെയിൻ നിൽക്കുന്നതും മാഴ്സും പ്ലൂട്ടോയും വരെ തെറിച്ചുപോകുന്ന സീനുകൾ ചെയ്യുന്നതും വെറുതെയല്ലെന്നും അത്രമാത്രം എനർജിയുള്ള മനുഷ്യനാണ് അദ്ദേഹമെന്നും തനിക്ക് മനസ്സിലായെന്ന് നന്ദു തമാശരൂപേണ കൂട്ടിച്ചേർത്തു.




