രാജസ്ഥാൻ : രാജസ്ഥാനിലെ ഐസിഐസിഐ ബാങ്കിന്റെ കോട്ട ശാഖയിൽ 43 ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 4.58 കോടി രൂപ തട്ടി എടുത്ത് റിലേഷൻഷിപ്പ് മാനേജർ. കൂടാതെ കുറ്റാരോപിതനായ ഉദ്യോഗസ്ഥ സാക്ഷി ഗുപ്ത 110 ഓളം അക്കൗണ്ടുകളിൽ നിന്ന് നിയമവിരുദ്ധമായി പണം പിൻവലിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇവർ പണം പിൻവലിക്കുന്ന അലേർട്ടുകൾ അക്കൗണ്ട് ഉടമകളിലേക്ക് എത്തുന്നത് തടയാൻ, അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറുകൾ അവർ മാറ്റിയതായും നിരവധി അക്കൗണ്ടുകളുടെ പിൻ നമ്പറുകൾ അവർ മാറ്റിയതായും റിപ്പോർട്ടുണ്ട്.
പ്രായമായ ഉപഭോക്താക്കളെയാണ് ഗുപ്ത പ്രധാനമായും ലക്ഷ്യമിടുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഒരു ഉപഭോക്താവിന്റെ 1.50 ലക്ഷം രൂപ അവരുടെ അനുമതിയില്ലാതെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് വൻ തട്ടിപ്പ് വെളിച്ചത്തുവന്നത്.അതേസമയം, തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ഐസിഐസിഐ ബാങ്ക് ഉടൻ തന്നെ പോലീസിൽ റിപ്പോർട്ട് ചെയ്തതായും ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തതായും അറിയിച്ചു. കൂടാതെ കേസിൽ സമഗ്ര അന്വേഷണം നടത്തി വരുകയാണ്.






