കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ബെഞ്ചമിൻ ബെയിലി ചെയറും കൊല്ലം എസ് എൻ വനിതാ കോളേജിലെ മലയാള വിഭാഗവും സംയുക്തമായി ബെഞ്ചമിൻ പ്രഭാഷണം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10 ന് എസ് എൻ കോളേജ് സെമിനാർ ഹാളിലായിരുന്നു സമ്മേളനം നടന്നത്.
കേരളത്തിൽ മലയാളം അച്ചടിക്കും പുസ്തകപ്രസാധനത്തിനും ആധുനിക വിദ്യാഭ്യാസത്തിനും ആധുനിക ഗദ്യത്തിന്റെ മാനകീകരണത്തിനും തുടക്കമിട്ട ബെഞ്ചമിൻ ബെയിലിയുടെ സേവനങ്ങളെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ സാംസ്കാരിക സംഭാവനകളെ വിലയിരുത്തുകയും ചെയ്യുക എന്നതാണ് ബെഞ്ചമിൻ ബെയിലി ചെയറിന്റെ പ്രവർത്തന പരിപാടികൾ.
ബെയിലി ചെയർ ഇതിന് ആവശ്യമായ പ്രവർത്തനങ്ങൾ കേരളമൊട്ടാകെ സംഘടിപ്പിച്ചു വരുന്നു. ആദ്യ പ്രഭാഷണം പ്രമുഖ പണ്ഡിതനും കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം വി നാരായണൻ കോട്ടയത്ത് നിർവഹിച്ചിരുന്നു.
ബെഞ്ചമിൻ ബെയിലി ഗാലക്സി അഥവാ മലയാളം അച്ചടി ചരിത്രം എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ വള്ളിക്കാവ് മോഹൻദാസ് പ്രഭാഷണം നിർവഹിച്ചു. സമ്മേളനത്തിൽ എസ്. എൻ. വനിതാകോളേജ് പ്രിൻസിപ്പൽ ശ്രീമതി നിഷ വി. എസ്. അധ്യക്ഷത വഹിച്ചു.
മലയാളവിഭാഗം മേധാവി ഡോ. ലക്ഷ്മി വി. എസ്. സ്വാഗതവും ബെഞ്ചമിൻ ബെയിലി ചെയർ കോർഡിനേറ്റർ ഡോ. രോഹിത് പി. കൃതജ്ഞതയും പറഞ്ഞു. ബെഞ്ചമിൻ ബെയിലി ചെയർ പ്രൊഫസർ ഡോ. ബാബു ചെറിയാൻ ആമുഖ പ്രഭാഷണവും ബെയിലി ചെയർ ജോയിന്റ് കോർഡിനേറ്റർ ഡോ.വിജോ തോമസ് കുര്യൻ ആശംസാ പ്രഭാഷണവും നിർവഹിക്കുകയുണ്ടായി.




