ബെംഗളൂരു: ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറും ആദ്യ പേസറുമായി ഭുവനേശ്വർ കുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ താരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വർ ഈ നേട്ടത്തിലെത്തിയത്. 192 മത്സരങ്ങളില്‍ നിന്നാണ് ഭുവി 200 വിക്കറ്റ് തികച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 191 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തിയ സുനില്‍ നരെയ്നാണ് ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. പേസ് ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ, ഡ്വെയ്ൻ ബ്രാവോ എന്നിവരെ പിന്നിലാക്കിയാണ് ഭുവനേശ്വറിന്‍റെ കുതിപ്പ്.




