തിരുവനന്തപുരം: പ്രചാരണം കത്തിക്കയറുന്ന അവസാന നാളുകളിൽ അഴിമതിയും തട്ടിപ്പും അടക്കം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ. കോർപ്പറേഷൻ ഭരണത്തിനെതിരേ അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെയാണ് ആദ്യ വെടി പൊട്ടിച്ചത്. തൊട്ടുപിന്നാലെ മറുപടിയുമായി രംഗത്തെത്തിയ സിപിഎം ജില്ലാ നേതൃത്വം അനന്തപുരം സഹകരണ സംഘത്തിനെതിരേ അന്വേഷണം നടത്താനുള്ള ഉത്തരവും പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകുന്ന ആർഎസിഎസിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നു അനന്തപുരം ബാങ്കിനുനേരേയുള്ള നീക്കം.
സാധാരണ വാർഡുതലത്തിലും തദ്ദേശസ്ഥാപനതലത്തിലും നടക്കുന്ന ആരോപണങ്ങൾ ഇപ്പോൾ മുതിർന്ന നേതാക്കൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ എല്ലാ അടവും എടുത്തുപയോഗിക്കാനാണ് മുന്നണികളുടെ തീരുമാനം. അഴിമതിയാരോപണത്തിൽ മുൻ മേയർ വി.കെ. പ്രശാന്ത് എംഎൽഎയുടെയും മേയർ ആര്യാ രാജേന്ദ്രന്റെയും ചിത്രങ്ങൾവെച്ച് വീഡിയോ തയ്യാറാക്കിയാണ് ബിജെപി രംഗത്തെത്തിയത്.
അതിനെ പ്രതിരോധിക്കാൻ സിപിഎം ജില്ലാ നേതൃത്വം തന്നെ ഇറങ്ങി. രാജീവ് ചന്ദ്രശേഖറിനെതിരേ ഉയർന്ന വസ്തു ആരോപണങ്ങളും എസ്.സുരേഷിനെതിരേ ഉയർന്ന സഹകരണസംഘം തട്ടിപ്പുമായിരുന്നു സിപിഎം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല ബിജെപി സഹകരണ സംഘങ്ങൾ തകരുന്നതും ചർച്ചയാക്കാനാണ് ലക്ഷ്യം. ബിജെപിക്കെതിരേ നിയമനടപടികൊണ്ട് പ്രതിരോധം തീർക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
ശബരിമല സ്വർണപ്പാളി വിഷയവും കോർപ്പറേഷനിലെ വികസനമുരടിപ്പുമൊക്കെ യുഡിഎഫും ബിജെപിയും പൊതുവേ ചർച്ചയാക്കുന്നുണ്ട്. ഇതിനെല്ലാം സർക്കാരിന്റെ വികസനവും സാമൂഹിക പെൻഷൻ വർധന അടക്കമുള്ളവയും ഉയർത്തിക്കാട്ടി എൽഡിഎഫ് മറുപടി നൽകുന്നുമുണ്ട്. മുൻ കൗൺസിലർമാർ നടപ്പാക്കാത്ത പദ്ധതികളും ഇപ്പോഴത്തെ സ്ഥാനാർഥികളെ പ്രതിരോധത്തിലാക്കുന്നു.
പൊളിഞ്ഞ റോഡുകളും ദയനീയാവസ്ഥയിലായ കെട്ടിടങ്ങളുടെയുമെല്ലാം ചിത്രങ്ങളും ദൃശ്യങ്ങളും സ്ഥാനാർഥികൾ സാമൂഹികമാധ്യമ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിൽ ചിലത് അറ്റകുറ്റപ്പണി നടത്തിയും മറ്റ് ചിലയിടത്ത് അനുവദിച്ച തുക ഉയർത്തിക്കാട്ടിയുമെല്ലാം എതിരാളികൾ പ്രതിരോധിക്കുന്നുമുണ്ട്. നിലവിലെ പല കൗൺസിലർമാർക്കെതിരേയും പഴയ ചില ആരോപണങ്ങൾ എതിരാളികൾ പൊടിതട്ടിയെടുത്തിട്ടുണ്ട്.






