ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സെപ്തംബർ 12, 13 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ലോകനേതാക്കൾ വെള്ളിയാഴ്ച മുതൽ ഡൽഹിയിലെത്തും. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരക്കേറിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദില്ലി പൊലീസ് നിർദേശിച്ചു. മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണം.
ഉപേക്ഷിക്കപ്പെട്ട ബാഗുകളോ മറ്റ് സംശയാസ്പദ വസ്തുക്കളോ കണ്ടാൽ അവ തൊടുകയോ മാറ്റുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംശയകരമായ വാഹനങ്ങളോ വ്യക്തികളോ ശ്രദ്ധയിൽപ്പെട്ടാലും ഉടൻ പൊലീസിനെ അറിയിക്കണം.
ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ താമസസ്ഥലങ്ങളുടെ നടത്തിപ്പുകാർ അതിഥികളുടെയും സന്ദർശകരുടെയും രേഖകൾ കൃത്യമായി പരിശോധിക്കണം. വീട്ടുജോലിക്കാർ, വാടകക്കാർ തുടങ്ങിയവരുടെ പൊലീസ് പരിശോധന ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഉച്ചകോടിയുടെ വേദികൾക്കും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങൾക്കും സമീപം അനാവശ്യമായി ആളുകൾ കൂട്ടം കൂടരുതെന്നും പൊലീസ് അറിയിച്ചു.
യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യാനും അധിക യാത്രാസമയം കണക്കിലെടുക്കാനും പൊലീസ് നിർദേശിച്ചു. സാധ്യമാകുന്നിടത്തെല്ലാം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. നിയന്ത്രിത മേഖലകളിലൂടെയും വിഐപി യാത്രയ്ക്കായി നിശ്ചയിച്ച റൂട്ടുകളിലൂടെയും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
റോഡുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം. നിയന്ത്രിത റോഡുകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്നവർ തിരക്ക് ഒഴിവാക്കാൻ നേരത്തെ യാത്രതിരിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.


