ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, സർവകലാശാലയുടെ അഭിഭാഷക മാറ്റത്തിൽ നാടകീയ നീക്കങ്ങൾ. വക്കാലത്ത് കൈമാറുന്നതിനാവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൽ നിലവിലെ അഭിഭാഷകനായ കെ.ആർ. സുഭാഷ്ചന്ദ്രൻ ഒപ്പിടാത്തതോടെയാണ് പുതിയ അഭിഭാഷകൻ സുൽഫിക്കർ അലിക്ക് വക്കാലത്ത് സമർപ്പിക്കാനാകാത്ത സാഹചര്യമുണ്ടായത്.
പ്രിയ വർഗീസ് കേസിൽ സർവകലാശാലയ്ക്കുവേണ്ടി ഇന്ന് സുഭാഷ്ചന്ദ്രനും പുതുതായി നിയമിതനായ സുൽഫിക്കർ അലിയും സുപ്രീം കോടതിയിൽ ഹാജരാകുമെന്നാണ് വിവരം. വക്കാലത്തിന്റെ ഒറിജിനലിൽ മാത്രമേ നോ ഒബ്ജക്ഷൻ നൽകാനാകൂ എന്നാണ് സുഭാഷ്ചന്ദ്രന്റെ നിലപാട്. സർവകലാശാലയിൽനിന്ന് ലഭിച്ച വക്കാലത്തിന്റെ സ്കാൻ ചെയ്ത പകർപ്പ് സുൽഫിക്കർ അലി കൈമാറാൻ ശ്രമിച്ചെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന കെ.ആർ. സുഭാഷ്ചന്ദ്രനെ സർവകലാശാലയുടെ അഭിഭാഷക സ്ഥാനത്തുനിന്ന് മാറ്റിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെയാണ് പ്രിയ വർഗീസ് കേസിൽ സർവകലാശാലയ്ക്കുവേണ്ടി ഹാജരാകാൻ സുൽഫിക്കർ അലിയെ നിയമിച്ചത്.
ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കോടതി നിലപാട് ആരാഞ്ഞാൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടപ്രകാരമാണെന്ന നിലപാട് സുഭാഷ്ചന്ദ്രൻ അറിയിക്കും. അതേസമയം, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം സുൽഫിക്കർ അലി ഉന്നയിച്ചേക്കും. സർവകലാശാലയ്ക്കുവേണ്ടി രണ്ട് അഭിഭാഷകരും ഒരേസമയം ഹാജരാകുന്ന സാഹചര്യത്തിൽ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
യുജിസിക്കായി കെ.എം. നടരാജൻ
പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പ്രിയ വർഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾ പാലിച്ചല്ലെന്നാണ് യുജിസിയുടെ വാദം. അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജൻ യുജിസിക്കുവേണ്ടി ഹാജരാകും.
സർവകലാശാല നിയമനങ്ങളിൽ യുജിസി ചട്ടങ്ങളാണ് പാലിക്കേണ്ടതെന്നാണ് യുജിസിയുടെ നിലപാട്. നേരത്തെ പ്രിയ വർഗീസിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരും കണ്ണൂർ സർവകലാശാലയും സ്വീകരിച്ചിരുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ ജെയിംസ് പി. തോമസ് സുപ്രീം കോടതിയിൽ ഹാജരാകും.












