കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി വെറും പത്ത് ദിവസം മാത്രം ശേഷിക്കെ, മുന്നണികളുടെ പ്രചാരണ പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
വരും ദിവസങ്ങളിൽ മുന്നണികളുടെ പ്രമുഖ നേതാക്കൾ ജില്ലയിൽ പ്രചാരണത്തിനെത്തും. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാർഥികൾ ഒരാഴ്ചയായി പ്രചാരണ രംഗത്ത് സജീവമാണ്.
പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചതിന് ശേഷം പ്രവർത്തകർ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ കയറാൻ തുടങ്ങി. അടുത്ത ഘട്ടത്തിൽ വോട്ടർമാർക്ക് നൽകാനുള്ള സ്ലിപ്പുകൾ വിതരണം ചെയ്യുന്നതിനായി ഒരിക്കൽ കൂടി വീടുകൾ സന്ദർശിക്കും. ഭൂരിഭാഗം സ്ഥലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സജ്ജമായി കഴിഞ്ഞു.
അതേസമയം, സ്ത്രീ സുരക്ഷാ പദ്ധതിയുടേതെന്ന പേരിൽ എൽ.ഡി.എഫ് പ്രവർത്തകർ അപേക്ഷാ ഫോം വിതരണം ചെയ്യുന്നുവെന്ന പരാതി ഉയർന്നുവെങ്കിലും, ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രിയടക്കം വ്യക്തമാക്കിയതോടെ വിവാദം അവസാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ഓരോ വാർഡിലും ഓരോ വിഷയമാണ് ചർച്ചയാകുന്നത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുള്ള പുതിയ വിഷയങ്ങൾ അടുത്ത ദിവസങ്ങളിൽ ഉയർന്നുവരാനുള്ള സാധ്യതയുമുണ്ട്. ചില സ്ഥലങ്ങളിൽ വിമത സ്ഥാനാർഥികൾ മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുമുണ്ട്.






