കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ട് പറമ്പ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വിവാദത്തിലേക്ക്. ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അമ്മ രാധാ ഹരിദാസിനെതിരെ, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനിത അനീഷ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
സീറ്റ് തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇവർ ഇരുവരും ഡിവിഷനിൽ മത്സര രംഗത്ത് സജീവരായിരിക്കുകയാണ്. തന്നെയാണ് ആദ്യമായി സ്ഥാനാർഥിയാക്കിയതെന്ന് നേതാക്കൾ അറിയിച്ചെങ്കിലും, പിന്നീട് രാധാ ഹരിദാസിനെ പ്രഖ്യാപിക്കപ്പെട്ടുവെന്നാണ് അനിതയുടെ ആരോപണം.
രമ്യാ ഹരിദാസ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പദവി വാഗ്ദാനം ചെയ്തുകൊണ്ട് തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയതായും അനിത പറഞ്ഞു.
“മണിക്കൂറുകളോളം ആലോചിച്ചാണ് നേതാക്കൾ എന്നെ സ്ഥാനാർഥിയാക്കിയത്. എല്ലാവരും കൂടെ ഉണ്ടായിരുന്നു. തുടർന്ന് രാധാ ഹരിദാസ് ആത്മഹത്യാശ്രമ ഭീഷണി മുഴക്കിയതോടെ തന്നെ അവരെ സ്ഥാനാർഥിയാക്കിയതാണ്. ജനാധിപത്യത്തിൽ എല്ലാവർക്കും അവസരം കിട്ടണം, അമ്മ–മകൾക്ക് മാത്രം ഒതുങ്ങരുത്,” എന്നും അനിത അനീഷ് പറഞ്ഞു. പാർട്ടിയെ കുറ്റപ്പെടുത്തുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ച രാധാ ഹരിദാസിന് യുഡിഎഫിനകത്ത് തന്നെ വലിയ വിഭാഗത്തിന്റെ പിന്തുണ ലഭിക്കില്ല എന്ന സൂചനകളുണ്ട്. അനിത അനീഷിന്റെ സ്ഥാനാർഥിത്വത്തിന് യു.ഡി.എഫ് നേതാക്കളുടെ ശക്തമായ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൂവാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷൻ മുസ്ലിം ലീഗ് ശക്തമായ പ്രദേശം ആകുന്നതിനാൽ, ലീഗിന്റെ പിന്തുണയുള്ള സ്ഥാനാർഥികൾക്കാണ് വിജയസാധ്യത കൂടുതലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ലീഗിന് അനഭിമതയാണ് രാധാ ഹരിദാസ്, എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാന ചർച്ചാവിഷയം.






