മിയാമി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ടൈം വരെ നീണ്ട പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ അഭിമാനത്തോടെ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. അസാമാന്യ പോരാട്ട വീര്യമാണ് ആഫ്രിക്കൻ കുഞ്ഞന്മാർ പുറത്തെടുത്തത് എന്ന് തന്നെ പറയാം, പ്രത്യേകിച്ച് അവരുടെ ഗോൾ കീപ്പർ വോസിഞ്ഞ.
കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. പിന്നാലെയാണ് 92 -ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.
ഈ ലോകകപ്പില്‍ മെസിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ കിലിയന്‍ എംബപെയെ മറികടന്ന് മെസി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി.




